കൊച്ചി: വനവിഭവങ്ങൾ ശേഖരിച്ചു സംസ്‌കരിച്ചു വിപണനം ചെയ്യാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്രസർക്കാർ വൻധൻ വികാസ് കേന്ദ്രങ്ങൾ തുടങ്ങും. ഇന്ത്യയിലെ 100 ജില്ലകളിലായി 500 കേന്ദ്രങ്ങൾ തുടങ്ങാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
പ്രത്യേക ദുർബല ആദിവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പിഎം ജൻമൻ ( പ്രധാൻമന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ) പദ്ധതിയുടെ ഭാഗമായാണ് നടപടി. മൂന്ന് വർഷത്തിനുള്ളിൽ ദുർബല ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കേരളത്തിൽ 15 കേന്ദ്രങ്ങൾ തുടങ്ങും. വയനാട്, അട്ടപ്പാടി, നിലമ്പൂർ, പറമ്പിക്കുളം ആദിവാസി മേഖലയിലാണ് വൻധൻ വികാസ് കേന്ദ്രങ്ങൾ. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് കേരളത്തിലെ കൊറഗ, കാട്ടുനായ്ക്കർ, ചോലനായ്ക്കർ, കുറുമ്പർ, കാടർ ( കൊച്ചിക്കാടർ) എന്നീ ആദിവാസി വിഭാഗങ്ങൾക്കാണ് .
അതേസമയം, വയനാട് ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നു കേന്ദ്രങ്ങൾ ആരംഭിക്കാൻ വനംവകുപ്പ് ശുപാർശ നൽകിയിട്ടുണ്ട്. കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രാലയം ഓരോ വൻധൻ കേന്ദ്രത്തിനും 15 ലക്ഷം രൂപയാണ് അനുവദിക്കുക. ട്രൈഫെഡ് മുഖേന ഈ തുക സംസ്ഥാന വനംവകുപ്പിനു കൈമാറും. കേരളത്തിൽ ഇതിന്റെ നടത്തിപ്പ് ചുമതല. വനംവകുപ്പിനു കീഴിലെ സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജൻസിക്കാണ്.