എംടിയുടേത് അധികാരത്തെപ്പറ്റിയുള്ള പൊതുവായ അഭിപ്രായമാണ്; കെ സച്ചിദാനന്ദൻ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നടത്തിയ പരാമർശം ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കവി കെ സച്ചിദാനന്ദൻ. എംടിയുടേത് അധികാരത്തെപ്പറ്റിയുള്ള പൊതുവായ അഭിപ്രായമാണെന്നും ഒരാളെയോ സന്ദർഭത്തെയോ ചൂണ്ടിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എംടിയുടെ പരാമർശം കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പലർക്കും പല അർഥങ്ങളും എംടി പറഞ്ഞതിൽ നിന്ന് കണ്ടുപിടിക്കാം. അവ കണ്ടുപിടിക്കപ്പെട്ട അർഥങ്ങളാണെന്നേ പറയാൻ കഴിയൂ. അധികാരത്തെ പറ്റിയിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവമായിരുന്നു അത്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് അധികാരം പ്രയോഗിക്കേണ്ടത്. സ്വാർഥ ലക്ഷ്യങ്ങൾക്കു വേണ്ടിയോ അവരവരുടെ അധികാരം പ്രകടിപ്പിക്കുന്നതിനു വേണ്ടിയോ അല്ലായെന്നുള്ള പൊതുവായ അഭിപ്രായ പ്രകടനമായിട്ടാണ് തനിക്കത് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

തീർച്ചയായും മുഖ്യമന്ത്രി അവിടെ ഇരിക്കുന്നതുകൊണ്ട് ആ രീതിയിലുള്ള വ്യഖ്യാനങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. പക്ഷേ അങ്ങനെ കാണണമെന്നില്ല. അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചുണ്ടോയെന്ന് എംടിയോട് തന്നെ ചോദിക്കേണ്ടതുണ്ട്. ഇഎംഎസ് തീർച്ചയായും മാതൃകയാണ്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കേണ്ട പ്രസ്ഥാനമാണ് കമ്മ്യൂണിസം. അപ്പോൾ അതിന്റെ അടിസ്ഥാന മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്. അതിൽനിന്ന് അകന്നു പോകുന്നു എന്നതൊക്കെ ഊഹങ്ങളാണ്. അമിതാധികാരപ്രയോഗമാണ് കമ്മ്യൂണിസം നേരിട്ട പ്രതിസന്ധിക്ക് കാരണം. അത് ഒരു പൊതുപ്രസ്താവം എന്ന നിലയ്ക്ക് ശരിയാണ്. അത് ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല. അമിതാധികാരത്തിനെതിരെയുള്ള പ്രസ്താവമായി എടുത്താൽ മതിയെന്ന് കെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ അപചയിക്കാതെ നിലനിർത്തേണ്ട ആവശ്യകതയായും അതിനെ വ്യാഖ്യാനിക്കാം. വ്യക്തിപൂജയ്ക്ക് എതിരായ വിമർശനം എല്ലാ എഴുത്തുകാർക്കുമുണ്ട്. അത് കേരളത്തിലെ സാഹചര്യത്തെ കുറിച്ചാണെന്ന് ചിലർക്ക് തോന്നാം. ഇന്ത്യയുടെ സാഹചര്യത്തെ കുറിച്ചുമാകാം. രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ മുഴുവൻ അപകടത്തിലേക്കും ഇരുട്ടിലേക്കും മതരാഷ്ട്രവാദത്തിലേക്കും ഫാഷിസത്തിലേക്കും നയിക്കുന്നതും കേരളത്തിലെ മുഖ്യമന്ത്രി ഒരുപക്ഷേ ചെയ്തിരിക്കാവുന്ന തെറ്റുകളും തമ്മിൽ താരതമ്യപ്പെടുത്തുന്നത് ശരിയല്ല. നമുക്ക് മുഖ്യമന്ത്രിയെ വിമർശിക്കാം. പക്ഷേ, രാജ്യം മുഴുവൻ എങ്ങോട്ടു പോകുന്നു എന്നത് കാണാതെ സംസ്ഥാനത്തിനു മാത്രമായ പ്രശ്നങ്ങളിലേക്ക് ഒതുങ്ങാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖസ്തുതി കമ്മ്യൂണിസത്തിന്റെ പാരമ്പര്യത്തിനു യോജിച്ചതല്ല എന്നതിൽ സംശയമില്ല. കമ്മ്യൂണിസം ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചു കൊണ്ടുള്ളതല്ല. എംടി പറഞ്ഞത് ആഗോളകമ്മ്യൂണിസത്തെ കുറിച്ചുള്ള അഭിപ്രായമാകാം, അത് ഒരു സംസ്ഥാനത്തേക്ക് ചുരുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.