വിനോദ സഞ്ചാരികളുമായെത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും; ടൂറിസം മന്ത്രി

തിരുവനന്തപുരം: വിനോദ സഞ്ചാരികളുമായെത്തുന്ന ഡ്രൈവർമാർക്ക്
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ വിനോദസഞ്ചാര മേഖലയിൽ കേരളം രാജ്യത്തിനാകെ മാതൃകയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ടാക്‌സി, ഓട്ടോറിക്ഷ യൂണിയനുകളുടേയും ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകളുടേയും യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരായ ഡ്രൈവർമാർ വിവിധ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ചട്ടം ഉൾപ്പെടുത്താനുള്ള സാധ്യതയെപ്പറ്റി സർക്കാർ പരിശോധിക്കും. ഡ്രൈവർമാർക്ക് ശുചിമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും റിയാസ് പറഞ്ഞു.

അതിഥികളുമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക ഐ.ഡി കാർഡുകൾ നൽകും. മേഖല തിരിച്ചുള്ള ബോധവൽക്കരണ കാമ്പെയ്നുകളും ഓറിയന്റേഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് പദ്ധതിയിടുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും എത്തിപ്പെടാനുള്ള സൗകര്യപ്രദമായ വഴികളെക്കുറിച്ചുമുള്ള വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാക്കുന്നത് പരിഗണനയിലാണ്. സംസ്ഥാനത്തുടനീളമുള്ള 153 സർക്കാർ റെസ്റ്റ് ഹൗസുകളിൽ കംഫർട്ട് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി വിശദമാക്കി.