തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് പോലീസ് നടപടിയെ ന്യായീകരിച്ച് വ്യവസായ മന്ത്രി മന്ത്രി പി രാജീവ്. പോലീസ് നടപടികൾ നിഷ്പക്ഷമായിട്ടാണ് നടക്കുന്നത് എന്നതിന് ഉദാഹരണമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എസ്എഫ്‌ഐ പ്രവർത്തകയായ സാന്ദ്രയെ കഴിഞ്ഞ മാസം വീട്ടിൽ നിന്നല്ലേ അറസ്റ്റ് ചെയ്തതെന്നും അത് മാധ്യമങ്ങൾ വാർത്തയാക്കിയതേയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കാലത്ത് എംഎൽഎമാരെയടക്കം പാതിരാത്രി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന് പറയാൻ വിഷയങ്ങളില്ല. ഈ നാട് അഭിമുഖീരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ അവർ നിലപാട് സ്വീകരിക്കുന്നില്ല. പോലീസിന് രാഷ്ട്രീയമില്ല. അവർ നിയമപരമായി തന്നെ മുന്നോട്ട് പോകും. പോലീസ് ഏതെങ്കിലും ഒരു താത്പര്യത്തിന് പുറത്ത് പ്രവർത്തിച്ചതായി ഈ നടപടിയെ കാണാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് പ്രതിപക്ഷനേതാവ് വരെ പറഞ്ഞിരുന്നതാണ്. പിന്നെ ചാൻസലർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ 124 A പ്രകാരം കേസെടുത്തു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. ഇത്തരത്തിൽ ഇടതുപക്ഷ പ്രവർത്തകർക്കെതിരെ ഗൗരവമുള്ള കേസുകൾ എടുക്കുന്ന ഇതേ പോലീസ് യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുക്കുമ്പോൾ മാത്രം ആദ്യമായിട്ടെന്തോ നടക്കുന്നെന്ന പോലെയാണ് ചില വാർത്തകൾ വരുന്നതെന്ന് പി രാജീവ് അഭിപ്രായപ്പെട്ടു.
യൂത്ത് കോൺഗ്രസ് അക്രമത്തിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ടത് മാധ്യമങ്ങൾ തന്നെയല്ലേ. അതുകൂടി ഈ വേളയിൽ പ്രദർശിപ്പിച്ചാൽ പലരുടെയും തെറ്റിധാരണ ഒഴിവാക്കാമല്ലോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

