തിരുവനന്തപുരം: നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനാപരമായ പദവി അനുസരിച്ച് ഒപ്പുവെയ്ക്കാനുള്ള ചുമതല ഗവർണർക്കുണ്ട്. എത്രയും വേഗം ഗവർണർ ഒപ്പിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂനിയമ ഭേദഗതി നിർണായകമായ കാൽവയ്പ്പാണ്. ബില്ല് പാസാക്കുന്നതിന് ഒരേയൊരു തടസം ഗവർണറാണ്. ബിജെപി നേതൃത്വം നൽകുന്ന സംഘപരിവാർ രാഷ്ട്രീയമാണ് ഇതിന് പിന്നിൽ. ഗവർണർ ഈ നില തുടർന്നാൽ കേരളമാകെ കർഷകരുടെ വലിയ പ്രക്ഷോഭമുണ്ടാകും. ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്നൊടുവിലാണ് 2023 സെപ്തംബർ 14ന് ഭൂനിയമ ഭേദഗതി പാസാക്കിയത്. ബിൽ അവതരിപ്പിച്ച് മൂന്നരമാസം കഴിഞ്ഞിട്ടും ഒപ്പിടാൻ ഗവർണർ തയാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർ ശങ്കറും കെ കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ കൊണ്ടുവന്ന ഭൂ നിയമങ്ങളാണ് പിന്നീട് ലക്ഷക്കണക്കിന് കർഷകരുടെ ജീവിതം വഴിമുട്ടാനിടയായത്. എല്ലാ വിഭാഗങ്ങൾക്കും പ്രയോജനകരമാകുന്ന കൃഷിയോടൊപ്പം അനുബന്ധ നിർമാണ പ്രവർത്തനങ്ങൾകൂടി സാധൂകരിക്കുന്നതിനുള്ള ഭൂനിയമ ഭേദഗതിയാണ് നിയമസഭ പാസാക്കിയിട്ടുള്ളത്. ആശുപത്രിയടക്കം പൊതുസ്ഥാപനങ്ങളുടേയും പ്രവർത്തനം സാധ്യമാക്കുന്ന തരത്തിൽ നിർമാണം അനുവദിച്ചുകൊടുക്കുന്നതാണ് ഭേദഗതി ബില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

