കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മുഖ്യപ്രതിയായ അശമന്നൂർ നൂലേലി മുടശേരി സവാദ് 13 വർഷങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്. ചൊവ്വാഴ്ച രാത്രിയാണ് എൻഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു കള്ളപ്പേരും സ്വീകരിച്ചു കൊണ്ടാണ് ഇയാൾ ഇത്രയും കാലം ഒളിവിൽ കഴിഞ്ഞിരുന്നത്. ഷാജഹാൻ എന്ന പേരിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.
കണ്ണൂർ മട്ടന്നൂരിനടുത്തുള്ള ബേരത്ത് ഒരു വാടക ക്വാർട്ടേഴ്‌സിൽവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരപ്പണി ഉൾപ്പെടെയുള്ള കൂലിവേല ചെയ്തായിരുന്നു ഇയാൾ ജീവിച്ചത്. എട്ടു വർഷം മുൻപാണ് ഇയാൾ വിവാഹിതനായത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കൊപ്പമാണ് നേരത്തെ ഇയാൾ കഴിഞ്ഞിരുന്നത്. നാട്ടുകാരോട് നല്ല രീതിയിലായിരുന്ന ഇടപെടലെന്നും ചോദിച്ചതിന് മാത്രം മറുപടി പറയുന്ന പ്രകൃതമായിരുന്നെന്നും അയൽവാസികൾ പറയുന്നു.
കഴിഞ്ഞ കുറച്ചുദിവങ്ങളായി എൻഐഎ സംഘം കണ്ണൂരിൽ ക്യാമ്പ് ചെയ്തിരുന്നു. സവാദിന്റെ താമസസ്ഥലവും നീക്കങ്ങളും വ്യക്തമായി നിരീക്ഷിച്ച ശേഷം ചൊവ്വാഴ്ച രാത്രി ക്വാർട്ടേഴ്‌സിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് സംബന്ധിച്ച വിവരം സിറ്റി പൊലീസ് കമ്മീഷണർക്ക് മാത്രമാണ് എൻഐഎ കൈമാറിയത്. ലോക്കൽ പൊലീസിനെയോ സ്‌പെഷ്യൽ ബ്രാഞ്ചിനേയോ വിവരം അറിയിച്ചിരുന്നില്ല. അറസ്റ്റ് മാധ്യമങ്ങളിൽ വാർത്തയായതിന് ശേഷമാണ് ലോക്കൽ പൊലീസ് പോലും വിവരം അറിയുന്നത്.

