രാജ്യത്താകെ മോദി ഷോയുമായി ബി.ജെ.പി

രാജ്യത്താകെ മോദി ഷോയുമായി ബി.ജെ.പി. പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റാലികൾക്ക് ജനുവരി അവസാന വാരം തുടക്കമാകും. രാമക്ഷേത്രവും ഏക സിവിൽ കോഡും പ്രധാന പ്രചരണ വിഷയങ്ങളാക്കും. പാർട്ടി സർക്കാരിന് മുന്നിൽ സൗജന്യ റേഷന്റെ അളവ് ഉയർത്താനുള്ള നിർദേശം വച്ചിട്ടുണ്ട്. കേരളത്തിൽ, തൃശൂരിൽ നടന്ന സ്ത്രീ ശക്തി സംഗമത്തോടെ ബി ജെ പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായിക്കഴിഞ്ഞു.

സ്ഥാനാർത്ഥികളെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്തി പ്രചരണത്തിൽ മേൽക്കൈ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഈ നീക്കം ഉത്തരേന്ത്യയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്തിരുന്നു. സമാന തന്ത്രം ഈ സാഹചര്യത്തിലാണ് ഇവിടേയും നടപ്പാക്കാൻ ഒരുങ്ങുന്നത്. ഡൽഹിയിൽ, രാമക്ഷേത്രം ഉയർത്തിക്കാണിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്‍കരിക്കാൻ ചേർന്ന ഉന്നത ബി.ജെ.പി നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു.

കേന്ദ്ര മന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, അശ്വിനി വൈഷ്ണവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, പാർട്ടി ജനറൽ സെക്രട്ടറിമാരായ തരുൺ ഛഘ്, സുനിൽ ബൻസൽ എന്നിവർ പങ്കെടുത്ത യോഗം ചർച്ച ചെയ്തത് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുമ്പും ശേഷവും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തേണ്ട പരിപാടികൾക്കാണ്. യോഗം, ലോക്സഭ തെരഞ്ഞെടുപ്പിന് ക്ലസ്റ്ററുകൾ ഉണ്ടാക്കാനുള്ള തീരുമാനവും അവലോകനം ചെയ്തു.