ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ

ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ. വീണ്ടും ഷെറിംഗ് ടോബ്ഗേ പ്രധാനമന്ത്രിപദത്തിലേക്ക്. തോബ്‌ഗെ പൊതുതിരഞ്ഞെടുപ്പിൽ 47 സീറ്റിൽ 30 സീറ്റുകളിലും വിജയിച്ചാണ് പിഡിപി പാർട്ടി അധികാരത്തിലേറിയത്. 17 സീറ്റുകളാണ് ഭൂട്ടാൻ ടെൻഡ്രൽ പാർട്ടി നേടിയത്. രാജവാഴ്ച 2008-ൽ അവസാനിച്ചതിന് ശേഷം നാലാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്.

94 സ്ഥാനാർത്ഥികളാണ് ഇരുപാർട്ടികളിലും നിന്ന് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ റൗണ്ട് നവംബറിലായിരുന്നു നടന്നത്. 2013 മുതൽ 2018 വരെയാണ് ഇന്ത്യൻ അനുഭാവിയായ 58കാരനായ ഷെറിംഗ് ടോബ്ഗേ ഭൂട്ടാൻ പ്രധാനമന്ത്രിയായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ ഷെറിംഗ് തോബ്‌ഗെയെ അഭിനന്ദിച്ചു.

പ്രധാനമന്ത്രി എക്‌സിലാണ് ഷെറിംഗിനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചത്. എന്റെ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെയും അഭിനന്ദിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഢമാകുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.