കൊച്ചി: വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞതായി പഠന റിപ്പോർട്ട്. വൻതോതിലുള്ള കൈയേറ്റവും നശീകരണവും മൂലമാണ് മത്സ്യസമ്പത്തിനും ജലസംഭരണ ശേഷിയ്ക്കും കുറവ് സംഭവിച്ചിരിക്കുന്നത്. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) യുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
120 വർഷംകൊണ്ട് കായലിന്റെ സംഭരണശേഷയിൽ 85.3 ശതമാനത്തിന്റെ കുറവുണ്ടായി. കൈയേറ്റം മൂലം കായൽ വിസ്തൃതിയിൽ 43.5 ശതമാനം നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്. കായലിന്റെ അടിത്തട്ടിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കുഫോസിലെ സെന്റർ ഫോർ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ കേരള സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് പഠനം നടത്തിയത്. അഞ്ച് വർഷം എടുത്താണ് പഠനം നടത്തിയത്. അതേസമയം,കുഫോസിൽ നടക്കുന്ന ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസിൽ വേമ്പനാട്ട് കായലിന്റെ ശോച്യാവസ്ഥയും നശീകരണ തോതും പ്രധാന ചർച്ചാവിഷയമാകും. ജനുവരി 12 മുതൽ 14 വരെയാണ് ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസ് നടക്കുന്നത്.
ദുർഘടാവസ്ഥയിൽ നിന്ന് കായലിനെ എങ്ങിനെ രക്ഷിക്കാം എന്നതാണ് അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസ് ചർച്ച ചെയ്യുക. കുഫോസ് വൈസ് ചാൻസലറും കോൺഗ്രസിന്റെ മുഖ്യരക്ഷാധികാരിയുമായ ഡോ ടി പ്രദീപ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

