ആഗോള നിക്ഷേപ സംഗമം; വ്യവസായ നിക്ഷേപ രംഗത്ത് തരംഗം തീർത്ത് തമിഴ്‌നാട് സർക്കാർ

ചെന്നൈ: വ്യവസായ നിക്ഷേപ രംഗത്ത് തരംഗം തീർത്ത് തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രത്യേക താൽപ്പര്യത്തിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമം വലിയ വിജയമാകുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ആഗോള നിക്ഷേപ സംഗമത്തിന്റെ ആദ്യ ദിവസം തന്നെ തമിഴ്നാട്ടിലേക്ക് നിക്ഷേപ പ്രവാഹമാണ് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്.

ആദ്യ ദിവസം തന്നെ വൻ നിക്ഷേപ പദ്ധതികൾ തമിഴ്‌നാടിന് ലഭിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. അഞ്ച് ലക്ഷം കോടിയുടെ നിക്ഷേപങ്ങളാണ് തമിഴ്നാട് സർക്കാർ പ്രതീക്ഷിക്കുന്നത്. അഡിഡാസ്, ബോയിങ് തുടങ്ങിയ വൻ കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടേക്കുമെന്നാണ് സൂചന. തമിഴ്നാട്ടിലേക്ക് കോടികളുടെ നിക്ഷേപവുമായി ടാറ്റ, റിലയൻസ്, ജെഎസ്ഡബ്ല്യൂ തുടങ്ങിയ വൻകിട കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ആഗോള നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്തത്. ആദ്യമായി നടക്കുന്ന നിക്ഷേപ സംഗമത്തിൽ 5 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഡിഎംകെ സർക്കാർ പ്രതീക്ഷിക്കുന്നത്. 2023 ആകുമ്പോഴേക്കും തമിഴ്നാടിലെ ഒരു ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഉയർത്തുകയാണ് ലക്ഷ്യം.

ടാറ്റ ഇലക്ട്രോണിക്സ് തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ 12.082 കോടി രൂപയുടെ മൊബൈൽ ഫോൺ അസംബ്ലി യൂണിറ്റ് സഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 45,500 പേർക്ക് തൊഴിൽ നൽകാൻ ഈ നിക്ഷേപ പദ്ധതികൾക്ക് സാധിക്കും. പുനരുപയോഗ ഊർജ മേഖലയിൽ അടുത്ത 5 വർഷത്തിൽ 55,000 കോടിയുടെ പദ്ധതികൾക്കുള്ള ധാരണപത്രം ഒപ്പിടുമെന്ന് ടാറ്റാ പവറും പ്രഖ്യാപിച്ചിട്ടുണ്ട്.

ജെ.എസ്.ഡബ്ല്യു എനർജിയുമായും തമിഴ്‌നാട് ധാരണാപതത്രത്തിലേർപ്പെട്ടു. തൂത്തുക്കൂടി, തിരുനെൽവേലി എന്നീ ജില്ലകളിൽ 10000 കോടിയുടെ നിക്ഷേപവും 6000 പേർക്ക് ജോലിയും ധാരണാപത്രത്തിൽ പറയുന്നത്. കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്ട്രിക് കാർ -ബാറ്ററി യൂണിറ്റ് ആരംഭിക്കുമെന്ന് ഹ്യുണ്ടായും വ്യക്തമാക്കി.