താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ; രാഷ്ട്രീയ ചടങ്ങിനല്ലെന്ന് ശശി തരൂർ

കൊല്ലം: അയോധ്യയിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പങ്കെടുക്കുന്നത് സംബന്ധിച്ച് അവർ തീരുമാനം എടുക്കുമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രത്തിൽ പോകുന്നത് തന്റെ അഭിപ്രായത്തിൽ വേറെ കാര്യത്തിനാണ്. ദൈവത്തിന്റെ അടുത്ത് ബന്ധം സ്ഥാപിക്കാനാണ് പോകുന്നത്. സർക്കാരിന്റെ ഇടപെടൽ ആവശ്യമുണ്ടോ എന്നറിയില്ല. പക്ഷേ, അവർ ചെയ്തിട്ടുണ്ടെങ്കിൽ ചെയ്‌തോട്ടെ. ജനങ്ങൾ പ്രാർഥിക്കുന്നത് അവരുടെ സ്വന്തം താൽപര്യം കൊണ്ടാണെന്നും ആരും സർക്കാർ പറഞ്ഞിട്ടല്ല പ്രാർഥിക്കാൻ പോകുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.

അതേസമയം, അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെ തീരുമാനം ഉടൻ ഉണ്ടാകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 22-ാം തീയതിക്ക് ഇനിയും ദിവസം ഉണ്ടല്ലോയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.