കോഴിക്കോട്: വിദ്വേഷവും പരസ്പരമുള്ള പോരും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കിയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ജാമിയ നൂരിയ സനദ് ദാന ചടങ്ങിലാണ് അദ്ദേഹം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. സാദിഖലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയേയും വേദിയിൽ ഇരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സമസ്തയ്ക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. ഭിന്നത ഉണ്ടാക്കാൻ ആരും ശ്രമിക്കരുത്. അങ്ങനെ ആരെങ്കിലും ശ്രമിച്ചാലും സാധ്യമല്ല. മഹത്തായ പ്രസ്ഥാനമാണ് സമസ്ത. അതിന് വിള്ളൽ ഉണ്ടാക്കുന്ന പ്രവർത്തനം ആരും ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘടന മഹത്തായി നിലനിൽക്കുക എന്നതാണ് പ്രധാനം. ഈ സംഘടന കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, സമുദായത്തിന്റെ അസ്തിത്വം ഉയർത്തിപ്പിടിക്കാൻ ഭിന്നതകൾ ഒഴിവാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

