ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ് ഐ പി സിംഗ്. രാജ്യത്തെ ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങൾ നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. നിതീഷ്‌കുമാറിനൊപ്പം അഖിലേഷ് യാദവ് നിൽക്കുന്ന ചിത്രം ഐ പി സിംഗ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സീറ്റ് വിഭജന ചർച്ചകളിലേക്ക് ഇന്ത്യ സഖ്യം കടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് സമാജ്‌വാദി പാർട്ടിയുടെ നീക്കം. ഇന്ത്യ മുന്നണി സഖ്യ പാർട്ടികളുമായി സീറ്റ് വിഭജന ചർച്ചകൾ നടത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇതുസംബന്ധിച്ച ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്.
സീറ്റ് ധാരണ സംബന്ധിച്ചുള്ള അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ എടുക്കാനാണ് കോൺഗ്രസ് നേതൃത്വം പദ്ധതിയിടുന്നത്. ജനുവരി 14ന് ആണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരിൽ നിന്നും മുംബൈയിലേക്കാണ് യാത്ര.