‘ഭാരത് മാതാ കീ ജയ്’; ഇന്ത്യൻ നാവികസേനയ്ക്കു നന്ദി പറഞ്ഞ് ‘എംവി ലില നോർഫോക്’ ചരക്കുകപ്പലിലെ ജീവനക്കാർ

ന്യൂഡൽഹി: കടൽക്കൊള്ളക്കാരുടെ റാഞ്ചൽ ശ്രമത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യൻ നാവികസേനയ്ക്കു നന്ദി പറഞ്ഞ് ‘എംവി ലില നോർഫോക്’ എന്ന ചരക്കുകപ്പലിലെ ജീവനക്കാർ. സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ പതാകയുള്ള ചരക്കു കപ്പലിലെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജീവനക്കാർ ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യം വിളിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇന്ത്യക്കാരടക്കം 21 പേരെയാണ് മറീൻ കമാൻഡോസ് സുരക്ഷിതരാക്കിയത്.

കമാൻഡോ നീക്കത്തിലൂടെയാണ് ഇന്ത്യൻ നാവികസേന ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കപ്പൽ അറ്റകുറ്റപ്പണി നടത്തിയശേഷം ബഹ്‌റൈൻ തീരത്തേക്ക് യാത്ര തുടരുമെന്നാണ് വിവരം. രക്ഷപ്പെട്ട കടൽക്കൊള്ളക്കാർക്കായി തിരച്ചിൽ തുടരുകയാണെന്ന് നാവികസേന വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബ്രിട്ടിഷ് മാരിടൈം ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന് (യുകെഎംടിഒ) ‘എംവി ലില നോർഫോക്’ കപ്പലിൽ ആയുധധാരികളായ അഞ്ചോ ആറോ പേർ കടന്നുകയറിയെന്ന സന്ദേശം ലഭിച്ചത്.

തുടർന്ന് ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് ചെന്നൈ’ എന്ന അത്യാധുനിക യുദ്ധക്കപ്പൽ സംഭവസ്ഥലത്തേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 3.15നാണ് ഐഎൻഎസ് ചെന്നൈ എംവി ലിലക്കു സമീപമെത്തിയത്. സേനയുടെ പി8ഐ വിമാനവും പ്രിഡേറ്റർ ഡ്രോണും തുടർച്ചയായി ആകാശനിരീക്ഷണവും നടത്തിയിരുന്നു. തുടർന്ന് കമാൻഡോകൾ ചെറുബോട്ടിലെത്തി കപ്പലിലേക്ക് കയറി. കപ്പലിന്റെ ഓരോ തട്ടിലും വിശദപരിശോധന നടത്തി കൊള്ളക്കാർ ആരുമില്ലെന്ന് ഉറപ്പാക്കി. കടൽക്കൊള്ളക്കാർ വന്നാൽ അഭയം തേടാനുള്ള പ്രത്യേക അറയിൽ ഒളിച്ചിരിക്കുകയായിരുന്നു ജീവനക്കാർ. ഇവരെ കമാൻഡോകൾ സുരക്ഷിതരാക്കി. ഈ ജീവനക്കാരാണ് കമാൻഡോകൾ നന്ദി അറിയിച്ചത്.