പിഎഫ്‌ഐ അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കണം; കെ സുരേന്ദ്രനെതിരെ വെല്ലുവിളിയുമായി ടി എൻ പ്രതാപൻ

തൃശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വെല്ലുവിളിയുമായി ടി എൻ പ്രതാപൻ എംപി. നിരോധിക്കപ്പെട്ട പിഎഫ്‌ഐ അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനാണ് അദ്ദേഹം സുരേന്ദ്രനെ വെല്ലുവിളിച്ചത്. പിഎഫ്‌ഐ അംഗങ്ങളാണ് പ്രതാപന്റെ ശിങ്കിടികളെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. തനിക്ക് പിഎഫ്‌ഐ ബന്ധമുണ്ടെങ്കിൽ സുരേന്ദ്രൻ അത് തെളിയിക്കണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു.

ബിജെപിയുടെയും ആർഎസ്എസിന്റെയും ഭീഷണി കണ്ട് ഭയപ്പെടുന്ന ആളല്ല താൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തൃശൂർ ജില്ലാ അധ്യക്ഷനും ഇന്നലെ ഭീഷണിപ്പെടുത്തിയെന്നും ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വർഗീയ ഫാഷിസ്റ്റ് ഭീഷണിക്കു മുന്നിലും പതറിപ്പോകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന വേദിക്ക് സമീപം ചാണക വെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസ് നടത്തിയ ശ്രമത്തിനു പിന്നാലെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു പ്രതാപന്റെ പരാമർശം.

ന്യൂനപക്ഷത്തിലെ ഏതെങ്കിലും വർഗീയ ഫാഷിസ്റ്റുകളുടെ പേര് പറഞ്ഞ് വിരട്ടേണ്ട. ഒരു വർഗീയ ഫാഷിസ്റ്റുകളെയും അംഗീകരിക്കുന്നില്ല. പാർലമെന്റിനകത്ത് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുഖത്ത് നോക്കി ചോദ്യം ചോദിച്ച ആളാണ് താൻ. തന്റെ ഇടതു കണ്ണിനു താഴെ ഒരു അടയാളം കാണാം. ഇത് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിനകത്ത് ആർഎസ്എസുകാർ കയറി വന്ന് ഇടിക്കട്ട കൊണ്ട് ഇടിച്ചതാണ്. എന്നിട്ടും പതറി പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.