ചരിത്ര വിഷയങ്ങൾ കൂടി കണക്കിലെടുത്തുള്ളതായിരുന്നു അയോദ്ധ്യ കേസിലെ വിധി; ഡി വൈ ചന്ദ്രചൂഡ്

ന്യൂഡൽഹി: ചരിത്ര വിഷയങ്ങൾ കൂടി കണക്കിലെടുത്തുള്ളതായിരുന്നു അയോദ്ധ്യ കേസിലെ വിധിയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അയോധ്യ തർക്കത്തിന്റെ നീണ്ട ചരിത്രവും ഇതുയർത്തിയ വ്യത്യസ്ത വീക്ഷണങ്ങളും കൂടി പരിഗണിച്ചാണ് ഏകസ്വരത്തിൽ വിധി പറയാൻ ബെഞ്ച് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിധി ആര് എഴുതി എന്നത് വിധിന്യായത്തിൽ സൂചിപ്പിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ജഡ്ജിമാർ ഏകകണ്ഠമായി എടുത്തതാണെന്നും അദ്ദേഹം വിശദമാക്കി. ഒരു വാർത്താ ഏജൻസസിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അയോധ്യ കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ അംഗമായിരുന്നു.

ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ശരിവച്ചു കൊണ്ടുള്ള വിധിയിലെ വിമർശനം കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പറയാനുള്ളത് വിധിയിലുണ്ട്. ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകുന്ന കാര്യത്തിൽ തന്റേത് ന്യൂനപക്ഷ വിധിയായതിൽ നിരാശയില്ലെന്നും ഇത്തരം വിഷയങ്ങൾ വ്യക്തിപരമായി എടുക്കാറില്ലെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.