പുതുവത്സരാഘോഷം; തിരുവനന്തപുരത്ത് പരിശോധനകൾ കർശനമാക്കാൻ പോലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ കർശനമാക്കാൻ പോലീസ്. ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. അതേസമയം, ഹോട്ടലുകളുടെയും, ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾ പന്ത്രണ്ടര വരെ അനുവദിക്കും. മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയ്ക്ക് ബാരിക്കേഡുകൾ സ്ഥാപിക്കും. 12 മണിക്ക് തന്നെ മാനവീയം വീഥിയിലും പരിപാടികൾ അവസാനിപ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി.

നഗരത്തിലാകെ 1500 പൊലീസുകാരെ വിന്യസിപ്പിക്കും. ലഹരി ഉപയോഗം തടയുന്നതിന്ന് പ്രത്യേക സംവിധാനം ക്രമീകരിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഹോട്ടലുകളിൽ ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പൊലീസിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്. ശബ്ദ മലിനീകരണ നിയമങ്ങൾ ലംഘിക്കുന്ന മൈക്ക് ഓപറേറ്റർമാർക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്.

വനിതാ പൊലീസ് മഫ്റ്റിയിലും പിങ്ക് പോലീസ് യൂണിഫോമിലും ഉണ്ടാകും. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവകുമെന്നാണ് മുന്നറിയിപ്പ്. മുൻ വർഷങ്ങളിൽ പുതുവത്സരത്തിന് കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും.