തൃശൂർ: രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണഘടനയിലെ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റേതാണ്. ഭരണഘടനയിൽ രാമനെ സദ്ഭരണത്തിന്റെ പ്രതീകമായാണ് കാണുന്നത്. ലോകത്തിന്റെ ആത്മീയ കേന്ദ്രമായി മാറുന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ മോശമാക്കി ചിത്രീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം. സെ മുരളീധരനും വി എം സുധീരനും ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. എന്തുകൊണ്ടാണ് പ്രാണപ്രതിഷ്ഠ വിഷയത്തിൽ ശരിയായ നിലപാട് കോൺഗ്രസിന് സ്വീകരിക്കാനാവാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴങ്ങുന്നത്. ഹമാസ് ഭീകരർക്ക് വേണ്ടി റാലികൾ നടത്തിയ കോൺഗ്രസ് രാമഭക്തരെ എന്തിനാണ് അപമാനിക്കുന്നത്. മുസ്ലിം ലീഗും മതമൗലികവാദികളും കണ്ണുരുട്ടിയാൽ പേടിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി. സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ ഭൂരിപക്ഷ ജനതയാണ്. എന്നിട്ടും സംഘടിത മതശക്തികളുടെ വോട്ടിന് വേണ്ടി ഭൂരിപക്ഷ ജനതയുടെ വികാരങ്ങൾ ഹനിക്കുകയാണ് സിപിഎം ചെയ്യുന്നത്. വിശ്വാസി സമൂഹം രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് വലിയ സ്വീകരണം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല. കേരളവും രാമക്ഷേത്രത്തിന് ഒപ്പം നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.

