2030ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ഒരു കോടിയിൽ എത്തിക്കാനാണ് ലക്ഷ്യം; നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2030ഓടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ഒരു കോടിയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അതായത് അടുത്ത ആറ് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഗതാഗത സംവിധാനങ്ങളിൽ 70 ശതമാനവും ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇലക്ട്രിക് വാഹന മേഖലയുമായി ബന്ധപ്പെട്ട് അഞ്ച് കോടി തൊഴിൽ അവസരങ്ങളും ആറ് വർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023-ന്റെ തുടക്കത്തിലെ കണക്ക് അനുസരിച്ച് 30 ലക്ഷത്തിൽ അധികം ഇലക്ട്രിക് വാഹനങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഇ.വിയുടെ വിൽപ്പനയിൽ വലിയ പദ്ധതികളാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇതുവരെ 34.54 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് 2023 ഓട്ടോ എക്സ്പോയിൽ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയത്. ഇലക്ട്രിക്ക് വാഹനങ്ങളിൽ ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ ഹബ്ബാകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നാണ് നിതിൻ ഗഡ്കരിയുടെ അവകാശ വാദം.