തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങി. ഉദ്ഘാടനം ഇന്ന് രാവിലെയായിരുന്നു നിശ്ചയിച്ചിരുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മേയര്‍ എം.കെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനുമാണ് സ്ഥലത്ത് നിന്ന് മടങ്ങിയത്. നിരവധി പേര്‍ രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാനായി എത്തിയിരുന്നു. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചു.
ഉദ്ഘാടനചടങ്ങ് നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഒഴിവാക്കുകയാണെന്ന് മേയറും എംഎല്‍എയും അറിയിക്കുകയായിരുന്നു. ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് സബ്‌സിഡി സാധനങ്ങളായി ഉള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരോട് ചോദിക്കുമ്പോള്‍ മറ്റുള്ള സാധനങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞിട്ട് എത്തുമെന്നാണ് പറയുന്നത്. ക്രിസ്മസ് കഴിഞ്ഞിട്ട് ഇത് കിട്ടിയാല്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുമോയെന്നും നാട്ടുകാര്‍ ചോദിക്കുന്നു.
ക്രിസ്മസ് ന്യൂഇയര്‍ ഫെയറുകള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. സപ്ലൈക്കോ പതിമൂന്ന് സാധനങ്ങള്‍ സബ്‌സിഡിയിയായി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിന് പുറമെ നോണ്‍ സബ്‌സിഡി സാധനങ്ങള്‍ അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു. ഡിസംബര്‍ 21 മുതല്‍ മുപ്പത് വരെയയായിരിക്കും ഈ വര്‍ഷത്തെ ഫെയറുകള്‍ നടക്കുക. ഫെയറുകള്‍ രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണിവരെയാണ് പ്രവര്‍ത്തിക്കുക. ഡിസംബര്‍ 25ന് ഫെയര്‍ അവധിയായിരിക്കും.

