ന്യൂഡൽഹി: രാജ്യത്ത് പുതിയ ടോൾ പിരിവ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന പഴയ രീതിക്ക് പകരം ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
ടോൾ പിരിവ് സംവിധാനം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്തായിരിക്കും പുതിയ സംവിധാനത്തിൽ ടോൾ ഫീ ഈടാക്കുക. അടുത്ത വർഷം മാർച്ച് മുതൽ പുതിയ സംവിധാനം നടപ്പാക്കാനാണ് ആലോചിക്കുന്നത്. പുതിയ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
പുതിയ ടോൾ പിരിവ് രീതി യാത്രക്കാരിൽ നിന്ന് അവർ സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കാൻ സഹായിക്കുമെന്നും ഗഡ്കരി അറിയിച്ചു.

