ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിന്റെ തടഞ്ഞുവച്ച കേന്ദ്ര ഫണ്ട് കുടിശിക സമയബന്ധിതമായി അനുവദിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ മമത ആവശ്യപ്പെട്ടു. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മമത ബാനർജി പ്രതികരിച്ചു.
ബുധനാഴ്ച രാവിലെ 11 മണിക്കാണ് മമതാ ബാനർജി പ്രധാനമന്ത്രിയെ കാണാൻ എത്തിയത്. ഒൻപതംഗ സംഘവും മമത ബാനർജിക്കൊപ്പം ഉണ്ടായിരുന്നു. 25 മിനിറ്റ് നേരമായിരുന്നു കൂടിക്കാഴ്ച്ച. അഭിഷേക് ബാനർജി, സുദീപ് ബന്ധോപധ്യായ, സൗഗത റോയ്, പ്രതിമ മൊണ്ഡാൽ, സജ്ദ അഹമ്മദ്, സതാബ്ദി റോയ്, ദെരക് ഒബ്രെയ്ൻ, നദിമുൾ ഹാക്വെ, പ്രകാശ് ചിക് ബറെയ്ക് എന്നിവരാണ് ഒൻപതംഗ സംഘത്തിലുണ്ടായിരുന്നത്.
1.6 ലക്ഷം കോടിയുടെ കേന്ദ്ര ഫണ്ട് മരവിപ്പിച്ചതായാണ് മമതയുടെ അവകാശവാദം. അതിൽ 16,000 കോടി രൂപ അടിയന്തരമായി ആവശ്യമുള്ളതാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ, പിഎംജിഎസ്വൈ എന്നിവയ്ക്കുള്ള തുകയാണ് ഇതിൽ ഉൾപ്പെടുന്നത്.

