ബെംഗളുരു: അഭിമാന നേട്ടവുമായി ഐഎസ്ആർഒ. ലീഫ് എറിക്സൺ ലൂണാർ പുരസ്‌കാരം നേടിയിരിക്കുകയാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. ചാന്ദ്രപര്യവേക്ഷണ രംഗത്ത് നൽകിക്കൊണ്ടിരിക്കുന്ന സുപ്രധാന സംഭാവനകളും പ്രതിബദ്ധതയും കണക്കിലെടുത്താണ് പുരസ്‌ക്കാരം. ഐസ് ലാൻഡിലെ ഹുസാവിക് എക്‌സ്‌പ്ലൊറേഷൻ മ്യൂസിയമാണ് ഐഎസ്ആർഒയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ചന്ദ്രയാൻ 3 ദൗത്യം വിജയകരമായ പശ്ചാത്തലത്തിലാണ് പുരസ്‌കാരം നൽകിയിരിക്കുന്നത്. 2023 ഓഗസ്റ്റ് 23 നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് വിജയകരമായി ഇറങ്ങിയത്. ചന്ദ്രയാൻ 3 വിക്രം ലാന്ററിലുള്ള ചന്ദ്രാസ് സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്റ് (ചാസ്റ്റ്) എന്ന ഉപകരണത്തിന്റെ സഹായത്തോടെ ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേർന്നിട്ടില്ലാത്ത ചന്ദ്രനിലെ പ്രദേശത്തെ ഉപരിതല താപനില സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി. പേടകത്തിലുണ്ടായിരുന്ന പ്രഗ്യാൻ റോവർ ലാൻഡ് ചെയ്ത സ്ഥലത്ത് ചുറ്റിസഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
ഐഎസ്ആർഒയ്ക്ക് വേണ്ടി അംബാസഡർ ബാലസുബ്രഹ്മണ്യൻ ശ്യാം പുരസ്‌കാരം ഏറ്റുവാങ്ങി. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് സംഘടനയ്ക്ക് ലഭിച്ച ബഹുമതിക്ക് നന്ദി രേഖപ്പെടുത്തി.

