ക്രിസ്മസിനുമുമ്പ് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടു വഴിയും തുക ലഭിക്കുന്നതാണ്. 900 കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. ക്രിസ്മസിനുമുമ്പ് എല്ലാ പെൻഷൻകാർക്കും തുക ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ധനമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി 57,400 കോടിയോളം രൂപ ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരുകൾ വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ 23,000 കോടിയോളം രൂപയും നൽകി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കുമെന്നും മറ്റുള്ളവർക്ക് മസ്റ്റിറിങ് പൂർത്തിയാക്കുന്ന മാസംതന്നെ പെൻഷൻ ലഭിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.