ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തത്സമയം വിവർത്തനം ചെയ്തു. ഞായറാഴ്ച ഉത്തർപ്രദേശിലെ വരണാസിയിൽ നടന്ന കാശി തമിഴ് സംഗമം ഉദ്ഘാടനം ചെയ്ത് മോദി ഹിന്ദിയിൽ നടത്തിയ പ്രസംഗമാണ് എഐ സംവിധാനം ഉപയോഗിച്ച് തമിഴിലേക്ക് വിവർത്തനം ചെയ്തത്. എ ഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭാഷിണി എന്ന ഭാഷാ വിവർത്തന സംവിധാനം ഉപയോഗിച്ചാണ് പ്രസംഗം വിവർത്തനം ചെയ്തത്.
മോദിയുടെ പ്രസംഗം എഐ വഴി തത്സമയം മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. ഇത് തന്റെ ആദ്യ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പതിവുപോലെ താൻ ഹിന്ദിയിലാണ് സംസാരിക്കുന്നത്, എ ഐ ഇത് തമിഴിലേക്ക് വിവർത്തനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കാശി തമിഴ് സംഗമത്തിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സംഗമത്തിൽ പങ്കെടുക്കാനെത്തിയ തമിഴർക്ക് മൊബൈലിൽ ഹെഡ് ഫോൺ കണക്ടറ്റ് ചെയ്ത് തന്റെ പ്രസംഗം തമിഴിൽ കേൾക്കാം. തനിക്ക് കൂടുതൽ ജനങ്ങളിലേക്കെത്താൻ ഈ എഐ സംവിധാനം സഹായകരമാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

