കൽപ്പറ്റ: വയനാട് കൂടല്ലൂരിൽ വയലിൽ പുല്ലരിയാൻ പോയ ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടി. പ്രജീഷ് മരിച്ച് പത്താം ദിവസമാണ് കടുവയെ പിടികൂടിയത്. കടുവ വനംവകുപ്പ് സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിൽത്തന്നെ കുടുങ്ങിയെന്നാണ് റിപ്പോർട്ട്.
കോളനി കവലയ്ക്കു സമീപത്തുള്ള കാപ്പിത്തോട്ടത്തിൽ വച്ചാണ് കടുവ കെണിയിലായത്. ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന കടുവയാണ് വനം വകുപ്പ് ഒരുക്കിയ കൂട്ടിൽ വീണത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കടുവയെ വെടിവച്ചു കൊല്ലാൻ നേരത്തേ ഉത്തരവിട്ടിരുന്നു. തുടർന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാൻ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിക്കുകയും ചെയ്തു. അനുയോജ്യമായ സ്ഥലത്ത് എത്തിയാൽ കടുവയെ വെടിവയ്ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
കർഷകനെ കൊന്ന കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

