തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാൻ തങ്ങൾക്ക് അറിയാഞ്ഞിട്ടല്ലെന്നും പക്ഷേ നിങ്ങൾ ഇരിക്കുന്ന പദവിയെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്ഷേപിച്ചു, മുഖ്യമന്ത്രി വരുന്ന ജില്ലയെ കുറിച്ചും അദ്ദേഹം ആക്ഷേപം നടത്തിയില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. ‘ഐ നോ ദി ബ്ലഡി ഹിസ്റ്ററി ഓഫ് കണ്ണൂർ’ എന്നാണ് ഗവർണർ പറഞ്ഞത്. എന്താണ് കണ്ണൂരിന്റെ ചരിത്രം. കണ്ണൂരിന്റെ ചരിത്രം അത്ര മോശമാണോയെന്നും മന്ത്രി ചോദിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച മണ്ണാണ് കണ്ണൂർ. കോളനിവിരുദ്ധ പോരാട്ടം നടത്തി ഒട്ടനവധി പേർ രക്തസാക്ഷിയായ മണ്ണാണ് കണ്ണൂർ. എത്രയെത്ര പോരാട്ടങ്ങൾ കണ്ണൂരിൽ നടന്നു. എന്നാൽ മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാനെന്താണ് കണ്ണൂരിനോടും കേരളത്തോടുമിത്ര വിദ്വേഷം. മംഗലാപുരം കേന്ദ്രീകരിച്ച് ആർ.എസ്.എസ്. കേരളത്തെ വർഗീയവത്കരിക്കാൻ വേണ്ടി ആദ്യം തിരഞ്ഞെടുത്ത പ്രദേശം ഇതേ കണ്ണൂരാണ്. 1970 ഡിസംബറിൽ വർഗീയ കലാപമുണ്ടാക്കാൻ ആർ.എസ്.എസ്. കണ്ണൂരിലെ തലശ്ശേരിയെ തിരഞ്ഞെടുത്തു. അന്ന് കുപ്രചരണങ്ങളുടെ ഭാഗമായി ഒരു മുസ്ലീം പള്ളി ആക്രമിക്കപ്പെടാൻ പോയി. സി.പി.എം. നേതാവ് യു.കെ. കുഞ്ഞിരാമൻ ചിലർക്കൊപ്പം പള്ളിക്ക് കാവലിരുന്നു. നീ മാപ്പിളയുടെ സന്തതിയെന്ന് പറഞ്ഞ് യു.കെ. കുഞ്ഞിരാമനെ ആർ.എസ്.എസുകാർ വകവരുത്തി. അവിടെ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് നേരെ കലാപം നടത്തരുതെന്നും മതസാഹോദര്യത്തോടു കൂടി നിലകൊള്ളണമെന്നും പറഞ്ഞ് ഒരു കറുത്ത ജീപ്പിൽ ചുവന്ന പതാകയുമായി ഒരു ചെറുപ്പക്കാരന്റെ നേതൃത്വത്തിൽ ഒരു അനൗൺസ്മെന്റ് വാഹനം പോയി. തങ്ങളുടെ ജീവൻ പോയാലും തലശ്ശേരിയുടെ മണ്ണിൽ മതസൗഹാർദം കാത്തുസൂക്ഷിക്കുമെന്ന് ആഹ്വാനം ചെയ്തു. അതിനു നേതൃത്വം കൊടുത്ത ചെറുപ്പക്കാരൻ ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ണൂരുൾപ്പടെ കേരളത്തിന്റെ മതസൗഹാർദത്തിന്റെ ചരിത്രം മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചറിയണം. നിങ്ങളിരിക്കുന്ന പദവി കൊണ്ടാണ് നിങ്ങളെ ബഹുമാനിക്കുന്നത്. നിങ്ങളുപയോഗിക്കുന്ന അതേ വാക്കുപയോഗിച്ച് നിങ്ങളെയും തിരിച്ചു പറയാൻ തങ്ങൾക്കറിയാമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

