കനകക്കുന്നിൽ ക്രിസ്മസ്-പുതുവത്സരാഘോഷം; വിപുലമായ ആഘോഷ പരിപാടികൾ

തിരുവനന്തപുരം: കനകക്കുന്നിൽ ക്രിസ്മസ്-പുതുവത്സരാഘോഷവുമായി ടൂറിസം വകുപ്പ്. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലും മറ്റു വേദികളിലുമായി ദീപാലങ്കാരവും വിപുലമായ ആഘോഷ പരിപാടികളും നടത്താനാണ് ടൂറിസം വകുപ്പിന്റെ പദ്ധതി.

ആഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് പൂർണമായി ദീപാലംകൃതമാക്കും. ക്രിസ്മസ് ട്രീകൾ, നക്ഷത്രങ്ങൾ, റെയിൻ ഡിയറുകൾ, ഇൻസ്റ്റലേഷനുകൾ എന്നിവയൊരുക്കും. സന്ദർശകർക്ക് സെൽഫിയും ഫോട്ടോയും എടുക്കാൻ പ്രത്യേക ഫോട്ടോ പോയിന്റുകളുമുണ്ടാകും. ഡിസംബർ 24 മുതൽ ജനുവരി 2 വരെയാണ് ആഘോഷം. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 24ന് വൈകിട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

മ്യൂസിയം മുതൽ മാനവീയം വീഥി വരെയും ദീപാലങ്കാരം ചെയ്യും. പുഷ്പമേളയാണ് ആഘോഷത്തിന്റെ മറ്റൊരു ആകർഷണം. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വൈവിധ്യമാർന്ന പുഷ്പങ്ങൾ ഈ മേളയിലുണ്ടാകും. വിപണനമേള, ഫുഡ് കോർട്ട്, പെറ്റ് ഷോ തുടങ്ങിയവയും ഉണ്ടാകും. ആഘോഷത്തിന് നേതൃത്വം നൽകുന്നത് ടൂറിസം വകുപ്പിനു കീഴിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ്.

അതേസമയം, ആഘോഷപരിപാടികൾ വീക്ഷിക്കാൻ മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയും നിരക്കിൽ പ്രവേശനഫീസ് ഈടാക്കും.