തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; നാലു ജില്ലകൾക്ക് പൊതുഅവധി

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായിരിക്കുകയാണ്. ഇതോടെ ജനജീവിതം ദുരിതത്തിലായി. ശക്തമായ മഴയുടെ സാഹചര്യത്തിൽ നാലു ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു.

സംസ്ഥാനത്ത് വന്ദേഭാരത് ഉൾപ്പെടെ 20 ട്രെയിനുകൾ റദ്ദാക്കി. റെക്കോഡ് മഴയാണ് തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ രേഖപ്പെടുത്തിയത്്. തൂത്തുക്കുടിയിലെ തിരുചെണ്ടൂരിൽ 60 സെ.മീ. മഴയാണ് പുലർച്ചെ 1.30 വരെ രേഖപ്പെടുത്തിയത്. തിരുനെൽവേലിയിലെ പാളയംകോട്ട് 26 സെന്റീമീറ്ററും കന്യാകുമാരിയിൽ 17.3 സെന്റിമീറ്റർ മഴയും രേഖപ്പെടുത്തിയത്. ഇവിടെയെല്ലാം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടച്ചു. കന്യാകുമാരിയിലെ പേച്ചിപ്പാറ, പാപനാശം, പെരുഞ്ചാനി ഡാമുകളിൽ വെള്ളം തുറന്നുവിട്ടു.

അതേസമയം, അതിശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. തൂത്തുക്കുടിയിൽ നിന്നുള്ള വിമാന ഗതാഗതവും തടസപ്പെട്ടു.