തിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി. ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണം എന്നാവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് നൽകിയിരിക്കുന്നത്. ഇനി മുതൽ, ലക്ഷദ്വീപിലെ കുട്ടികൾ സിബിഎസ്ഇ സിലബസ് മാത്രം പഠിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ അദ്ദേഹം ആശങ്ക അറിയിക്കുകയും ചെയ്്തു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണ് ഈ നിർദേശം. വിദ്യാർത്ഥികൾക്ക് ലഭ്യമാകേണ്ട വൈവിധ്യമാർന്ന വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകളെ ഇത് അപകടത്തിലാക്കുന്നതിനാൽ ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിൽ, ലക്ഷദ്വീപിൽ 34 സ്‌കൂളുകളുണ്ട്. ആകെ 12,140 വിദ്യാർത്ഥികളുണ്ട്. കേരള സിലബസ് -മലയാളം, ഇംഗ്ലീഷ് മീഡിയം, സിബിഎസ്ഇ സിലബസ് എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് സാധ്യമായിരുന്നു. ദ്വീപിലെ ഭൂരിഭാഗം കുട്ടികളും കേരള സിലബസ് അനുസരിച്ചാണ് സ്‌കൂളുകളിൽ പഠിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ, പ്രത്യേകിച്ച് പ്രൈമറി തലത്തിൽ, അവരുടെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം പരിഗണിക്കണമെന്ന അടിസ്ഥാന തത്വത്തെ ഈ നിർദ്ദേശം അവഗണിക്കുന്നു എന്നത് നിരാശാജനകമാണ്.” ഒരൊറ്റ പാഠ്യപദ്ധതി അടിച്ചേൽപ്പിക്കുക വഴി, ലക്ഷദ്വീപ് ഭരണകൂടം വിദ്യാർത്ഥികളുടെ സാംസ്‌കാരിക പശ്ചാത്തലവുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സത്തയെ അവഗണിക്കുകയാണെന്നും അദ്ദേഹം വിമർശിക്കുന്നു.