കോട്ടയം: യുഡിഎഫിനെതിരെ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. യുഡിഎഫ് എംപിമാർ കേരളത്തിന്റെ പേര് പറഞ്ഞ് നടക്കുകയും കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാൻ തയാറാകാതിരിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് കേന്ദ്രത്തിൽ നിന്ന് അഞ്ച് വർഷം കൊണ്ട് ഒരു ലക്ഷം കോടിയിലധികം രൂപ കിട്ടണം. എന്നാൽ ഇപ്പോൾ 50 ശതമാനം മാത്രമേ കിട്ടുന്നുള്ളു. ഇത് കേരളത്തിന്റെ ഭാവിയെത്തന്നെയാണ് ബാധിക്കുന്നത്. ഇക്കാര്യം ഉയർത്തിക്കാണിക്കാതെ കേരള വിരുദ്ധമായാണ് എംപിമാർ സംസാരിക്കുന്നതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
കേരളം ഒരുപാട് നേട്ടങ്ങളുള്ള സംസ്ഥാനമാണ്. എല്ലാവർക്കും ഒരുപോലെ ജീവിക്കാൻ സാധിക്കുന്ന സ്ഥലമാണിത്. പട്ടിണിപ്പാവങ്ങൾ വളരെ കുറവാണ് കേരളത്തിൽ. കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് കേരളത്തിൽ അതിദരിദ്രർ 200ൽ ഒന്നുമാത്രമാണ്. മൂന്ന് ലക്ഷം പേർക്കുകൂടി വീടായാൽ കേരളത്തിൽ എല്ലാവർക്കും വീടാകുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ കാര്യങ്ങൾ നിരുത്തരവാദപരമായാണ് നടക്കുന്നതെന്ന് കാണിച്ചാണ് യുഡിഎഫ് കേന്ദ്രത്തിന് നൽകാൻ മെമ്മോറാണ്ടം തയാറാക്കിയത്. ഇവിടെ വലിയ കുഴപ്പമാണ് എന്നാണ് എഴുതിയിരിക്കുന്നത്. അതിന്റെ അവസാന വരിയിൽ കുറച്ചു ധനസഹായം നൽകണമെന്നും എഴുതിച്ചേർത്തുവെന്നും ബാലഗോപാൽ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിൽ ചെയ്യാൻ പാടില്ലാത്തത് ചെയ്തു എന്ന കാര്യം ചർച്ചയാകുന്നില്ല. സംസ്ഥാന നിയമ സഭയിലേക്ക് കുറച്ചുപേരെ ഗവർണർ നാമനിർദേശം ചെയ്താൽ എന്തായിരിക്കും അവസ്ഥ. പഞ്ചായത്ത് ഭരണസമിതിയിലേക്കും ഇതുപോലെ നാമനിർദേശം ചെയ്താൻ എന്താണ് അവസ്ഥ. അതുപോലെ തന്നെയാണ് യൂണിവേഴ്‌സിറ്റി സെനറ്റും. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചാണ് പതിനേഴോളം പേരെ ഗവർണർ നാമനിർദേശം ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

