കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു; സുപ്രീം കോടതിയിൽ ഹർജിയുമായി കേരളം

തിരുവനന്തപുരം: കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് സുപ്രീം കോടതിയിൽ ഹർജി നൽകി കേരളം. വായ്പാപരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപെടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഭരണഘടനയുടെ 131 ാം അനുച്ഛേദം അനുസരിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിൽ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.

ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ഹർജിയിലെ വിമർശനം. കേന്ദ്രം പടിപടിയായി ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറലിസം തകർക്കുകയാണ്. കേന്ദ്രത്തിന്റെ കടമെടുപ്പിന് പരിധികൾ ഇല്ലാതിരിക്കെയാണ് കേരളത്തെ ഞെരുക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ബജറ്റിന് പുറത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി രൂപീകരിച്ച കിഫ്ബി വഴിയുള്ള ധനസമാഹരണത്തെയും സംസ്ഥാനത്തിന്റെ ബാധ്യതയാക്കി മാറ്റിയതിനെയും ചോദ്യം ചെയ്യുന്നു. അടിയന്തരമായി 26,000 കോടി രൂപ സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഹർജിയിൽ വിശദീകരിക്കുന്നുണ്ട്.