അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്കെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്കെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് താരങ്ങൾക്കെതിരെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. കോടതിയലക്ഷ്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്ബി പാണ്ഡെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. തുടർന്ന് കോടതി ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു.

2024 മെയ് 9-ലേക്കാണ് കേസിൽ വാദം കേൾക്കുന്നത് മാറ്റിയത്. കൂടാതെ, അമിതാഭ് ബച്ചനുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ പരസ്യം സംപ്രേക്ഷണം ചെയ്തതിന് ഒരു പാൻമസാല കമ്പനിക്ക് നിയമപരമായ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

ഉന്നത പുരസ്‌കാരങ്ങൾ നേടിയ അഭിനേതാക്കളായിരുന്നിട്ടും പാൻമസാല കമ്പനികൾക്ക് പരസ്യം നൽകുന്നത് തെറ്റാണെന്നായിരുന്നു ഹർജിക്കാരൻ വ്യക്തമാക്കിയത്. നടൻമാർക്കെതിരെ നടപടിയെടുക്കണമെന്ന് ഹർജിക്കാരന്റെ ആവശ്യത്തിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാൻ നേരത്തെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.