തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കളത്തിൽ ഇറക്കാനാണ് ബിജെപിയുടെ നീക്കം.
മണ്ഡലങ്ങളിൽ 3 വീതമുള്ള സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കുകയാണ്. വയനാട്ടിൽ മത്സരം കടുപ്പിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കിയേക്കും എന്നാണ് റിപ്പോർട്ട്. വയനാട് സീറ്റ് ബിഡിജെഎസിൽ നിന്നും ബിജെപി ഏറ്റെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ വയനാട്ടിൽ മത്സരിക്കുന്നത് പാർട്ടിയുടെ പരിഗണനയിലാണ്. ഇത്തവണ കേരളത്തിൽ ആറു സീറ്റുകൾ ബിജെപി ലക്ഷ്യമിടുന്നുണ്ട്. കേന്ദ്ര നേതാവിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
കോഴിക്കോട് എം ടി രമേശും ശോഭാ സുരേന്ദ്രനും കാസർഗോഡ് പ്രകാശ് ബാബു, പി കെ കൃഷ്ണദാസ്, രവീശ് തന്ത്രി തുടങ്ങിയവരും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. . ആറ്റിങ്ങൽ വി മുരളീധരനും തൃശ്ശൂർ സുരേഷ് ഗോപിയും മത്സരിക്കുമെന്നാണ് സൂചന.

