തിരുവനന്തപുരം: സ്ഥിരം വിസിമാരില്ലാത്ത സർവ്വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട നടപടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കും.
വിസി നിയമനത്തിൽ ചാൻസലർക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന് കണ്ണൂർ വിസി കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കം.
ഗവർണർ കത്ത് നൽകുന്നത് 9 സർവ്വകലാശാലാ രജിസ്ട്രാർമാർക്കാണ്. ഗവർണ്ണറുടേയും സർവ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാകുക. കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കിക്കൊണ്ട് നിയമസഭ പാസ്സാക്കിയ ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നു.

