ജവഹർലാൽ നെഹ്‌റുവിനു സംഭവിച്ച അബദ്ധമാണ് പാക്ക് അധീന കശ്മീർ; അമിത് ഷാ

ന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റുവിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക്ക് അധീന കശ്മീർ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനു സംഭവിച്ച അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ, ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അമിത് ഷാ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

നെഹ്‌റു കാട്ടിയ രണ്ടു വിഡ്ഢിത്തങ്ങളാണ് പാക്ക് അധീന കശ്മീരിന്റെ പിറവിക്കു കാരണമായത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കാലഘട്ടത്തിൽ സംഭവിച്ച രണ്ടു വിഡ്ഢിത്തങ്ങൾ മൂലം എത്രയോ വർഷങ്ങളായി കശ്മീർ ജനത ദുരിതമനുഭവിക്കുന്നു. താൻ വളരെ ഉത്തരവാദിത്തത്തോടെയാണ് ഇക്കാര്യം പറയുന്നത്. നമ്മുടെ സൈന്യം ശക്തമായി മുന്നേറുന്ന സമയത്ത് വെടിനിർത്തൽ പ്രഖ്യാപിച്ചതാണ് വിഡ്ഢിത്തങ്ങളിൽ ഒന്നാമത്തേത്. അങ്ങനെയാണ് പാക്ക് അധീന കശ്മീർ ഉണ്ടായത്. അന്ന് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് മൂന്നു ദിവസത്തേക്കു കൂടി താമസിപ്പിച്ചിരുന്നെങ്കിൽ, പാക്ക് അധീന കശ്മീർ അതിനകം ഇന്ത്യയുടെ ഭാഗമാകുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടാമത്തെ മണ്ടത്തരം കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ടതാണ്. കശ്മീർ വിഷയം ഐക്യരാഷ്ട്ര സംഘടനയിൽ അവതരിപ്പിച്ചതാണ് നെഹ്‌റു കാട്ടിയ രണ്ടാമത്തെ വിഡ്ഢിത്തം. കശ്മീരി പണ്ഡിറ്റുകൾ ജന്മനാട്ടിൽനിന്ന് പലായനം ചെയ്യേണ്ടി വന്നതിനു കാരണം കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിന്നാലെ പോകാതിരുന്നിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമായേനെയെന്നും അദ്ദേഹം അമിത് ഷാ ചൂണ്ടിക്കാട്ടി.

ലോക്‌സഭയിൽ പാസാക്കിയ ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ കഴിഞ്ഞ 70 വർഷമായി ശബ്ദമില്ലാതെ പോയ ഒരു ജനതയുടെ തിരിച്ചുവരവാണ്. സ്വന്തം നാടു വിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർഥികളേപ്പോലെ കഴിയേണ്ടി വന്ന ജനതയ്ക്ക് നീതി ഉറപ്പാക്കുന്ന ബില്ലാണ് ഇത്. കശ്മീരി അഭയാർഥികൾക്കും പാക്ക് അധീന കശ്മീരിൽനിന്ന് മാറേണ്ടി വന്നവർക്കും എസ്ടി വിഭാഗക്കാർക്കും ജമ്മു കശ്മീർ നിയമസഭയിൽ പ്രാതിനിധ്യ അവകാശം ഉറപ്പാക്കുന്നതാണ് ഈ ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.