നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എംപിമാർ രാജിവച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എംപിമാർ രാജിവച്ചു. രാജിവച്ചത് രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പത്ത് എംപിമാരാണ്. എംപിമാർ രാജി സമർപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയെയും സന്ദർശിച്ച ശേഷമാണ്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച 12 ബിജെപി എംപിമാരാണ് വിജയിച്ചത്. വിജയിച്ചവരിൽ മധ്യപ്രദേശിൽ നിന്നുള്ള എംപിമാരാണ് ഭൂരിഭാഗവും. നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് പട്ടേൽ, രാകേഷ് സിംഗ്, ഉദയ് പ്രതാപ് സിംഗ്, റിതി പഥക് എന്നിവരാണ് രാജിവെച്ച മധ്യപ്രദേശിൽ നിന്നുള്ള പാർലമെൻറ് അംഗങ്ങൾ.

രാജസ്ഥാനിൽ നിന്നുള്ള രാജ്യവർധൻ സിംഗ് റാത്തോഡ്, ദിയാ കുമാരി, കിരോരി ലാൽ മീണ (രാജ്യസഭാ എംപി), ഛത്തീസ്ഗഢിൽ നിന്നുള്ള അരുൺ സാവോയും ഗോമതി സായിയുമാണ് രാജിവച്ച മറ്റുള്ളവർ. ഒമ്പത് എംപിമാർ പാർട്ടി അധ്യക്ഷനൊപ്പമെത്തി സ്പീക്കർക്ക് രാജി നൽകിയപ്പോൾ കിരോരി ലാൽ മീണ രാജ്യസഭാ അധ്യക്ഷന് രാജിക്കത്ത് സമർപ്പിച്ചു.കാർഷിക വകുപ്പ് നരേന്ദ്ര സിംഗ് തോമർ കൈകാര്യം ചെയ്യുന്നു. പ്രഹ്ലാദ് പട്ടേൽ ഭക്ഷ്യ സംസ്കരണ, ജലശക്തി സഹമന്ത്രിയാണ്.