മിഷോങ് ചുഴലിക്കാറ്റ്; കേന്ദ്രസർക്കാരിനോട് സഹായം ആവശ്യപ്പെട്ട് തമിഴ്നാട്

ചെന്നൈ: കേന്ദ്രസർക്കാരിനോട് സഹായം ആവശ്യപ്പെട്ട് തമിഴ്നാട്. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിലാണ് തമിഴ്നാട് കേന്ദ്ര സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

5060 കോടി രൂപയുടെ ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. നാശനഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

മൊത്തം നഷ്ടം വിലയിരുത്തുന്നതിനുള്ള സർവ്വേ നടക്കുന്നതിനാൽ വിശദമായ റിപ്പോർട്ട് പിന്നീട് തയ്യാറാക്കുകയും അധിക ഫണ്ട് ആവശ്യപ്പെടുകയും ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയാണ് തമിഴ്നാട്ടിലെ വടക്കൻ ജില്ലകളായ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നീ സ്ഥലങ്ങളിൽ അനുഭവപ്പെടുന്നത്.

ചെന്നൈ കോർപ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടായി.