അഭിമാന നേട്ടം; സാങ്കേതികപരമായി വളർന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഇടംനേടി തിരുവനന്തപുരം

തിരുവനന്തപുരം: അഭിമാന നേട്ടവുമായി തിരുവനന്തപുരം. സാങ്കേതികപരമായി വളർന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയിലാണ് തിരുവനന്തപുരം ഇടംനേടിയിരിക്കുന്നത്. ഭാവിയിൽ ബിസിനസ്സിനും സോഫ്റ്റ് വെയർ വികസനത്തിനും മുന്നിട്ട് നിൽക്കുന്ന ലോകമെമ്പാടുമുള്ള 24 ‘ഔട്ട്-ഓഫ്-ദി-ബോക്‌സ്’ നഗരങ്ങളുടെ പട്ടികയിൽ ആണ് തിരുവനന്തപുരം ഇടംനേടിയത്. ഗവേഷണ സ്ഥാപനമായ ബിസിഐ ഗ്ലോബൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്.

24 നഗരങ്ങൾ തിരഞ്ഞെടുത്തത് മൂന്ന് ഭൂമിശാസ്ത്ര മേഖലകളിൽ നിന്നാണ്. അമേരിക്ക (യുഎസ്, കാനഡ, മധ്യ, ലാറ്റിൻ അമേരിക്ക), ഇഎംഇഎ (യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക); കൂടാതെ, എപിഎസി (ഇന്ത്യ, ചൈന ഉൾപ്പടെ ഏഷ്യ-പസഫിക്). മൂന്ന് ഭൂമിശാസ്ത്രങ്ങളിൽ നിന്നും എട്ട് സ്ഥലങ്ങൾ പട്ടികയിലുണ്ട്. രണ്ട് ഇന്ത്യൻ നഗരങ്ങൾ മാത്രമാണ് ഈ പട്ടികയിലുള്ളത്. കൊൽക്കത്തയാണ് പട്ടികയിലുള്ള മറ്റൊരു നഗരം.

പഠനത്തിന് നേതൃത്വം നൽകിയത് നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ബിസിഐ ഗ്ലോബലിന്റെ പങ്കാളിയായ ജോസ്ഫിയൻ ഗ്ലൗഡ്മാൻസാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ഡിജിറ്റൽ ഹബ്ബുകൾ, ഹൈവേകൾ എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ളതോ അല്ലെങ്കിൽ വികസനത്തിലുള്ളതോ ആയ നഗരങ്ങളാണ് പട്ടികയിലുള്ളത്. സ്‌കേലബിലിറ്റി വാഗ്ദാനം ചെയ്യുന്നതിനായി, 1 ദശലക്ഷത്തിലധികം നിവാസികളുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.