ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുമ്പോൾ ചർച്ചയാകുന്ന പേരാണ് രേവന്ദ് റെഡ്ഡിയുടേത്. തെലങ്കാനയിൽ കോൺഗ്രസിന് അനുകൂലമായ ജനവിധിയുണ്ടായതിൽ രേവന്ദ് റെഡ്ഡിയുടെ പങ്ക് വളരെ വലുതാണ്. ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖമായി മാറിയ നേതാവാണ് അദ്ദേഹം.
പ്രതിദിനം കുറഞ്ഞത് നാല് തെരഞ്ഞെടുപ്പ് റാലികളെ എങ്കിലും അദ്ദേഹം തെലങ്കാനയിൽ അഭിസംബോധന ചെയ്തിരുന്നു. സംഘപരിവാർ വിദ്യാർഥി സംഘടനയായ എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച രേവന്ത് റെഡ്ഡി പിന്നീട് ആന്ധ്രയിലെ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം നീങ്ങി. 2004 മുതൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് ഒപ്പം അദ്ദേഹം ചേർന്നു. രണ്ടു തവണ കൊടങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി.
തെലങ്കാനയിൽ ടി ഡി പിയുടെ ശക്തി ക്ഷയിച്ചു തുടങ്ങിയതോടെ 2017 ൽ രേവന്ദ് റെഡ്ഡി കോൺഗ്രസിലേക്ക് ചുവടു മാറി. 2018 ൽ സ്വന്തം മണ്ഡലമായ കൊടങ്ങലിൽ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ, 2019ൽ മൽകാജ്ഗിരി ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം പാർലമെന്റിലുമെത്തി. ഉത്തംകുമാർ റെഡ്ഡി പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡി എത്തുന്നത്. പിന്നീട് തെലങ്കാന സർക്കാരിനെതിരെ പല വിഷയങ്ങളിലും അദ്ദേഹം ആഞ്ഞടിച്ചു.
119 അംഗ നിയമസഭയിൽ 65 -ൽ അധികം സീറ്റുകളുമായി കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലേറുമ്പോൾ മുഖ്യമന്ത്രി കസേരയിലേക്ക് പാർട്ടി പ്രഥമ പരിഗണന നൽകുന്നത് രേവന്ദ് റെഡ്ഡിക്കാണെന്ന വിവരമാണ് പുറത്തു വരുന്നത്.

