കേരളത്തിന് ജിഎസ്ടി വിഹിതത്തിൽ കിട്ടേണ്ട 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു; ധനമന്ത്രി

പാലക്കാട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് ജിഎസ്ടി വിഹിതത്തിൽ കിട്ടേണ്ട 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. 1450 കോടിയാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. തുല്യമായ രീതിയിൽ അല്ല സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

സാധാരണയായി 28നാണ് ഈ ഫണ്ട് ലഭിക്കാറുള്ളത്. 332 കോടി കുറവുണ്ടായത് വാസ്തവത്തിൽ ഒരു ബോംബ് ഇടുന്നത് പോലെയാണ്. സംസ്ഥാനത്തിന്റെ ധനകാര്യ അവസ്ഥയിൽ ഇങ്ങനെയൊരു വല്യ ആക്രമണമാണ് ഉണ്ടായത്. ഇതിനെതിരെ സംസ്ഥാനം കേന്ദ്രത്തിന് കത്തയിച്ചിട്ടുണ്ട്. 332 കോടി കുറവാണ് എന്ന് കേന്ദ്രം പറയുന്നതിന് ഒരടിസ്ഥാനവും മനസിലാകുന്നില്ല. അത് എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്തതെന്നും ധാരണയില്ല. ജി.എസ്.ടി വിഹിതത്തിൽ സംസ്ഥാന സർക്കാരിന് വീതം വയ്ക്കുന്ന പണത്തെ സംബന്ധിച്ച് കുറെക്കാലമായി തർക്കങ്ങളുള്ളതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര ഗവൺമെന്റ് തുല്യമായ പരിഗണനയല്ല എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നത്. അത് വഴി സംസ്ഥാനത്തിന് അർഹമായ നികുതിവിഹിതത്തിൽ വലിയ വെട്ടിക്കുറവ് വന്നിട്ടുണ്ട്. ഏറ്റവും വലിയ വെട്ടിക്കുറവ് വന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.