മോസ്‌കോ: വിവാദ പരാമർശവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ . എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് റഷ്യൻ വനിതകളോട് പുടിൻ ആഹ്വാനം ചെയ്തു.
ചൊവ്വാഴ്ച മോസ്‌കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പുടിന്റെ പരാമർശം. വരുന്ന ദശകങ്ങളിൽ റഷ്യൻ ജനസംഖ്യ വർധിപ്പിക്കുന്നത് ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും പുടിൻ ആഹ്വാനം ചെയ്തു.
നമ്മുടെ പല ഗോത്രവർഗങ്ങളും നാലോ അഞ്ചോ അതിലധികമോ കുട്ടികൾക്കു ജനനം നൽകുന്ന പാരമ്പര്യം തുടരുന്നുണ്ട്. റഷ്യൻ കുടുംബങ്ങളെ ഓർമിച്ചാൽ നമ്മുടെ മുത്തശ്ശിമാർക്കും മറ്റും ഏഴും എട്ടും അതിലധികവും കുട്ടികളുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങൾ നമ്മൾ സംരക്ഷിക്കണം. വലിയ കുടുംബങ്ങളെന്നത് നമ്മുടെ രീതിയായിരിക്കണം. എല്ലാ റഷ്യക്കാരുടെയും ജീവിതരീതിയായിരിക്കണം. കുടുംബമെന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, ആധ്യാത്മിക പ്രതിഭാസം കൂടിയാണ്, ധർമത്തിന്റെ ഉദ്ഭവം കൂടിയാണെന്ന് പുടിൻ അഭിപ്രായപ്പെട്ടു.
വരും ദശകങ്ങളിലെ നമ്മുടെ ലക്ഷ്യം റഷ്യയുടെ ജനസംഖ്യ വർധിപ്പിക്കുന്നതും സംരക്ഷിക്കുന്നതുമായിരിക്കണം. ഇതാണ് റഷ്യൻ ലോകത്തിന്റെ ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

