രണ്ട് ദിവസത്തേക്ക് കൂടി ഗാസയിൽ ആശ്വാസമായി വെടിനിര്‍ത്തൽ കരാര്‍. രണ്ട് ദിവസത്തേക്ക് കൂടി ഇസ്രയേലും ഹമാസും ഗാസയിൽ തങ്ങളുടെ വെടിനിർത്തൽ നീട്ടാൻ സംയുക്തമായി സമ്മതിച്ചതായി ഖത്തർ അറിയിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവാണ് നിലവിലുള്ള മധ്യസ്ഥതയുടെ ഭാഗമായി ഗാസ മുനമ്പിൽ രണ്ട് ദിവസത്തേക്ക് കൂടി മാനുഷിക വെടിനിർത്തൽ നീട്ടാൻ ധാരണയായതായി അറിയിച്ചത്. താൽക്കാലിക ആശ്വാസമായി പുതിയ പ്രഖ്യാപനം എത്തുന്നത് നവംബർ 24 ന് ഇസ്രയേലും ഹമാസും പ്രഖ്യാപിച്ച നാല് ദിവസത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി, ഹമാസ് ഒക്ടോബർ ഏഴ് മുതൽ കസ്റ്റഡിയിലുള്ള 240 ബന്ദികളിൽ 50 പേരെ മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഇസ്രയേൽ 150 പലസ്തീൻ തടവുകാരെ മോചിപ്പിക്കാനും സമ്മതിച്ചിരുന്നു. ഇതുവരെ 39 ഇസ്രായേലി ബന്ദികളെ ഹാമാസും 117 ഫലസ്തീനികളെ ഇസ്രായേലും തടവിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

