നരേന്ദ്രമോദിയെ അപമാനിച്ചു; ജെയ്ക്ക് സി തോമസിനെതിരെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: സിപിഎം നേതാവ് ജെയ്ക് സി തോമസിനെിതിരെ നിയമ നടപടി. ചാനൽ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കും വിധത്തിൽ വിവാദ പ്രസ്താവന നടത്തിയതിനാണ് ജെയ്ക്കിനെതിരെ നിയമ നടപടി ഉണ്ടായത്. ബിജെപി നേതാവ് ആർ ബാലശങ്കറാണ് ജെയ്ക്കിന് വക്കീൽ നോട്ടീസ് അയച്ചത്. നരേന്ദ്ര മോദിയെ നരാധമനെന്ന പരാമർശം നടത്തിയതിനാണ് നോട്ടീസ്.

ഒരാഴ്ചയ്ക്കകം വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും, കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ജെയ്ക് സി. തോമസ് നടത്തിയ പരാമർശം അത്യന്തം അപലപനീയമാണ്. നരേന്ദ്ര മോദിയുടെ അനുഭാവിയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളെന്ന നിലയിൽ അദ്ദേഹത്തിനെതിരെയുള്ള നീചമായ പരാമർശം തനിക്ക് വ്യക്തിപരമായി വളരെ ദുഃഖം ഉണ്ടാക്കിയതായി ബാലശങ്കർ അറിയിച്ചു.

കഴിഞ്ഞ 24 മാസമായി നരേന്ദ്ര മോദിയെന്ന നരാധമൻ കേന്ദ്ര വിഹിതം നൽകാതിരിക്കുകയാണെന്നായിരുന്നു ജെയ്ക്ക് നടത്തിയ പരാമർശം. 1600 രൂപയുടെ വിധവ പെൻഷനിൽ 500 രൂപ കേന്ദ്ര വിഹിതവും 1100 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണെന്നും ഇതിൽ കേന്ദ്ര വിഹിതം കേരളത്തിന് നൽകാതായിട്ട് 24 മാസമായെന്നും ജെയ്ക്ക് പറഞ്ഞിരുന്നു.