കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ എൻഫോഴ്‌സ്‌മെന്റിന് അനുമതി

കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി അനുമതി നൽകി. കിഫ്ബി മസാല ബോണ്ട് കേസിലാണ് നടപടി. അഡീഷണൽ സോളിസിറ്റർ ജനറലാണ് ഇഡിയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതിന്റെ പ്രാധാന്യം അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി തോമസ് ഐസക്കിന് സമൻസ് അയക്കാൻ അനുമതി നൽകിയത്.

കേസിൽ മുന്നോട്ട് പോകണമെങ്കിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്നായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചത്. വിദേശനാണ്യ വിനിമയച്ചട്ടത്തിൽ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ സമൻസ് അയയ്ക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവർക്കു നോട്ടിസ് അയയ്ക്കുന്നത് രണ്ടു മാസത്തേക്കു ജസ്റ്റിസ് വി ജി അരുൺ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് പുതുക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.