ബൈജൂസിന് 1400 കോടിയുടെ സഹായം; രക്ഷകനായത് ഈ വ്യവസായി

ന്യൂഡൽഹി: പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ 1400 കോടിയുടെ കടബാധ്യത ഏറ്റെടുത്ത് മണിപ്പാൽ ഗ്രൂപ്പ് ചെയർമാൻ രഞ്ജൻ പൈ. സാമ്പത്തിക തകർച്ച നേരിടുന്ന ബൈജൂസിന് വളരെ ആശ്വാസകരമാണ് ഈ നടപടി. ബൈജൂസിന്റെ ഓഫ് ലൈൻ സ്ഥാപനമായ ആകാശ് എജ്യുക്കേഷണൽ സർവീസസിൽ രഞ്ജൻ പൈ 170 മില്യൺ ഡോളർ നിക്ഷേപിക്കും. ഇത് മാതൃ കമ്പനിയായ ബൈജൂസിന് ആശ്വാസമേകുന്ന നടപടിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്തിടെ രഞ്ജൻ പൈ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിലെ തന്റെ ഓഹരിയുടെ ഒരു ഭാഗം സിംഗപ്പൂരിലെ ടെമാസെക്കിന് വിറ്റിരുന്നു. ഇതിൽ നിന്ന് ഏകദേശം 1 ബില്യൺ ഡോളർ അദ്ദേഹം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് എജ്യുക്കേഷണൽ സർവീസസിൽ നിക്ഷേപം നടത്താനുള്ള തീരുമാനം ഉണ്ടായത്.

800 കോടി മുതലും 600 കോടി പലിശയുമടക്കം 1400 കോടി ബൈജൂസിന് കടമുണ്ട്. ഡേവിഡ്സൺ കെംപ്നറിൽ ബാധ്യത തീർക്കാൻ നൽകിയ 1400 കോടി കൂടാതെ ബൈജൂസിൽ 300 മില്യൺ ഡോളർ അതായത് ഏകദേശം 2,500 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള ചർച്ചയും രഞ്ജൻ പൈ നടത്തുന്നുവെന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്.