ന്യൂഡൽഹി: ചൈനയെക്കാൾ അഞ്ചിരട്ടി സ്‌കൂളുകൾ ഇന്ത്യയിലുണ്ടെന്ന റിപ്പോർട്ടുമായി നീതി ആയോഗ്. ‘Learnings from Large-scale Transformation in School Education’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും 50 ശതമാനം പ്രൈമറി സ്‌കൂളുകളിലും 60ന് താഴെയാണ് പ്രവേശന നിരക്കെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സബ് സ്‌കെയിൽ സ്‌കൂളുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ ചെലവുണ്ട്. അധ്യാപനത്തിലെ പോരായ്മ, അധ്യാപക-രക്ഷകർതൃ സംഘത്തിന്റെ അഭാവം, അടിസ്ഥാന സൗകര്യമില്ലായ്മ, ഹെഡ്മാസ്റ്ററുടെയും പ്രിൻസിപ്പലിന്റെയും അഭാവത്തിൽ സ്‌കൂളിന്റെ എല്ലാ ചുമതലയും വഹിക്കുന്ന ഒന്നോ രണ്ടോ അധ്യാപകർ എന്നിവ ഈ സ്‌കൂളുകളുടെ പ്രത്യേകതയാണെന്നാണ് റിപ്പോർട്ടിലെ പരാമർശം.
രാജ്യത്ത് 10 ലക്ഷത്തിലധികം അധ്യാപകരുടെ കുറവുണ്ട്. മിക്ക സംസ്ഥാനങ്ങളിലും 30 മുതൽ 50 ശതമാനം അധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്. അധ്യാപകരെ വിന്യസിക്കുന്നത് ശരിയായ അനുപാതത്തിലല്ല. നഗരപ്രദേശങ്ങളിൽ നിരവധി അധ്യാപകരെ ലഭിക്കും. ഗ്രാമീണ മേഖലയിലാണ് നിരവധി അധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത്. ഇത്രയധികം അധ്യാപകരുടെ ഒഴിവ് കണ്ടില്ലെന്ന് നടിക്കാനാകില്ല. മാത്രമല്ല ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിവർത്തനം വരുത്തി മികച്ച ഫലം കൊയ്യാൻ സാധ്യമല്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്
സ്‌കൂളുകളുടെ ലയനമാണ് പ്രവേശനനിരക്ക് കുറയുന്നത് തടയാനൊരു പരിഹാരം എന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. SATH-E പ്രോജക്ടിന്റെ ഭാഗമായി ഇത്തരമൊരു മാറ്റം ചില സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. അവിടെയെല്ലാം പ്രവേശന നിരക്ക് ഉയർത്താനും സാധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌കൂൾ ലയനം ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും മൊത്തത്തിൽ പോസീറ്റീവ് മാറ്റമുണ്ടാക്കാൻ ഈ പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

