ലണ്ടൻ: നിജ്ജാർ വിഷയത്തിൽ വീണ്ടും ഇന്ത്യക്കെതിരെ പരാമർശം നടത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. നിജ്ജാറിന്റെ വധം സംബന്ധിച്ച് കാനഡ തെളിവുകൾ നൽകിയിട്ടില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. മാധ്യമപ്രവർത്തകൻ ലയണൽ ബാർബറുമായി നടത്തിയ സംവാദത്തിലാണ് ജയശങ്കറിന്റെ പ്രതികരണം.
നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക് തെളിയിക്കാനുള്ള ഒരു തെളിവുമില്ല. നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തിയപ്പോൾ കാനഡ നടപടി സ്വീകരിച്ചില്ല. അഭിപ്രായ സ്വാതന്ത്ര്യം കാനഡയിൽ ദുരുപയോഗം ചെയ്യപ്പെടുന്നു. അക്രമപരവും തീവ്രവുമായ രാഷ്ട്രീയ അഭിപ്രായങ്ങളിലൂടെ ഇന്ത്യയിൽ നിന്നുള്ള വിഘടനവാദത്തിന് കനേഡിയൻ രാഷ്ട്രീയം ഇടം നൽകിയതായി തോന്നുന്നു. ഇത്തരം ആളുകൾക്ക് കനേഡിയൻ രാഷ്ട്രീയത്തിൽ അവസരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണത്തെ തള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിനെതിരെ ഉത്തരവാദപ്പെട്ട മറ്റൊരു രാജ്യം ആരോപണം ഉന്നയിക്കുമ്പോൾ അതിനെ സാധൂകരിക്കാൻ വ്യക്തമായ തെളിവ് നൽകാൻ അവർ തയ്യാറാകണം. ഖാലിസ്ഥാൻ ഭീകരവാദിയുടെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം തെളിയിക്കാൻ കാനഡക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യക്ക് പ്രസ്തുത സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
അക്രമികളെ കാനഡ വെള്ള പൂശുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേര് പറഞ്ഞാണ്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ചില ഉത്തരവാദിത്തങ്ങൾ കൂടിയുണ്ട്. ഇത്തരം സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗവും ഇത്തരം ദുരുപയോഗങ്ങളോട് പുലർത്തുന്ന നിസ്സംഗതയും അങ്ങേയറ്റം അപരാധമാണ് എന്നതാണ് ഇന്ത്യയുടെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.