ടെസ്ല ഫാക്ടറി സന്ദർശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ; ചിത്രങ്ങൾ വൈറലാകുന്നു

ന്യൂഡൽഹി: ടെസ്ലയുടെ കാലിഫോർണിയയിലെ ഫാക്ടറി സന്ദർശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല ഇൻക് ഇന്ത്യയിൽ നിന്നുള്ള ഘടകങ്ങളുടെ ഇറക്കുമതി ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള ടെസ്ല ഫാക്ടറി സന്ദർശനത്തിന്റെ ചില ചിത്രങ്ങൾ അദ്ദേഹം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

തങ്ങൾ ഇത് ചെയ്യുന്നതും മൊബിലിറ്റി പരിവർത്തനം ചെയ്യുന്നതിനുള്ള ടെസ്ലയുടെ ശ്രദ്ധേയമായ യാത്രയിൽ സംഭാവന ചെയ്യുന്നതും കാണുന്നതിൽ സന്തോഷമുണ്ട്. ടെസ്ലയുടെ ഇലക്ട്രിക് വാഹന വിതരണ ശൃംഖലയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓട്ടോ ഘടകങ്ങളുടെ പ്രാധാന്യം വർദ്ധിക്കുന്നത് കാണുന്നതിൽ അഭിമാനമുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഘടക ഇറക്കുമതി ഇരട്ടിയാക്കാനുള്ള പാതയിലാണ് ഇതെന്നും അദ്ദേഹം കുറിച്ചു. എലോൺ മസ്‌കിന്റെ കാന്തിക സാന്നിധ്യം ഈ അവസരത്തിൽ ഉണ്ടാകേണ്ടതായിരുന്നു. അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.

പീയുഷ് ഗോയലിന്റെ ഈ പോസ്റ്റിന് മറുപടിയായി എലോൺ മസ്‌കും രംഗത്തെത്തി. ഇന്ത്യയുടെ വാണിജ്യ- വ്യവസായ മന്ത്രി ടെസ്ല സന്ദർശിച്ചതിനെ ഒരു ബഹുമതിയായാണ് തങ്ങൾ കാണുന്നത്. കാലിഫോർണയിലെത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിക്കാത്തതിൽ തനിക്ക് അതിയായ വിഷമമുണ്ട്. പിയൂഷ് ഗോയലുമായുളള കൂടിക്കാഴ്ചയക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.