മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; 2 പേർക്ക് വെടിയേറ്റു

കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. കരിക്കോട്ടക്കരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾക്ക് വെടിയേറ്റു. പരിക്കേറ്റവരുമായി മാവോയിസ്റ്റുകൾ വനത്തിലേക്കു കടന്നു. മേഖലയിൽ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടർബോൾട്ടുമാണ് വനത്തിനുള്ളിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഡിഐജി വ്യക്തമാക്കിയിട്ടുണ്ട്. 2 ആയുധങ്ങൾ കണ്ടെത്തിയെന്നും ആരും കസ്റ്റഡിയിൽ ഇല്ലെന്നും ഡിഐജി അറിയിച്ചു. മാവോയിസ്റ്റുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാവോയിസ്റ്റ് കബനിദളം കമാൻഡർ സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണിതെന്നാണ് പുറത്തു വരുന്ന വിവരം. 8 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് യുഎപിഎ നിയമപ്രകാരം പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു.